ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇ.ഡി. പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ തുക ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്നാണ് തുക ലഭിച്ചത്.
കേസിലെ പ്രതിയും എ.എ.പി കമ്യൂണിക്കേഷൻ വിഭാഗം തലവനുമായിരുന്ന വിജയ് നായർ ഇടനിലക്കാരനായാണ് തുക സമാഹരിച്ചത്. ഇൻഡോ സ്പിരിറ്റ് എം.ഡി സമീർ മഹിന്ദ്രോയുമായി അരവിന്ദ് കെജ്‌രിവാൾ മുഖാമുഖം സംസാരിച്ചെന്നും ഇ.ഡി പറയുന്നു.
‘വിജയ് എന്റെ അടുത്ത ആളാണ്, നിങ്ങള്‍ക്ക് അയാളെ വിശ്വസിക്കാ’മെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഫോണ്‍ സംഭാഷണത്തില്‍ സമീര്‍ മഹേന്ദ്രുവിനോട് പറഞ്ഞതായും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എ.എ.പി നേതാക്കളായ വിജയ് നായര്‍, സഞ്ജീവ് സിങ്, മദ്യക്കമ്പനി ഉടമ അമിത് അറോറ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത, ആന്ധ്രപ്രദേശിൽ നിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് എം.പി ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്.
അതേസമയം, ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം പൂര്‍ണമായും കെട്ടുകഥയാണെന്ന് കെജ്‌രിവാള്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയ്യായിരം കേസുകള്‍ വേണമെങ്കിലും എടുക്കാം. സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാനുംവേണ്ടിയാണ് ഇ.ഡി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.