കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര് വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് അതിദാരുണമായ സംഭവം നടന്നത്.
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു റീഷയുണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മറ്റ് നാല്
പേര് പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് കാറിന്റെ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവര്‍, പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.