മുംബൈ: കേന്ദ്ര ബജറ്റ് ദിനവും കൂപ്പുകുത്തി അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ. അദാനി എന്റർപ്രൈസസിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു. എൻഡിടിവി, അംബുജ സിമന്റ്‌സ് അടക്കം ഇന്ന് നഷ്ടത്തിലാണ്. ഫോബ്‌സിന്റെ കോടീശ്വരൻമാരുടെ പട്ടികയിൽ അദാനി റിലയൻസ് ഉടമ മുകേഷ് അംബാനിക്ക് താഴെയെത്തി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് വലിയ രീതിയിലുള്ള തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നലെ ഓഹരി വിപണിയില്‍ നേരിയ നേട്ടം നേടിയിരുന്നെങ്കിലും ബജറ്റിന് പിന്നാലെ വീണ്ടും അദാനി ഗ്രൂപ്പ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം 30 ശതമാനം നഷ്ടം ഗ്രൂപ്പിനുണ്ടായതായാണ് വിലയിരുത്തല്‍.
അദാനി പോര്‍ട്ടില്‍ 17 ശതമാനത്തിന്റെ ഇടിവും അദാനി ട്രാന്‍സ്മിഷനില്‍ 2 ശതമാനത്തിന്റെ ഇടിവും ഗ്രീന്‍ എനര്‍ജിയില്‍ 5 ശതമാനത്തിന്റെ ഇടിവും ടോട്ടല്‍ ഗ്യാസില്‍ 10 ശതമാനത്തിന്റെ ഇടിവുമാണ് ഇന്നുണ്ടായിരിക്കുന്നത്.
ഇന്നലെ 20000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി എന്റർപ്രൈസസ് മുന്നോട്ടു വച്ച തുടർ ഓഹരി വിൽപന വിയജകരമായി പൂർത്തിയാക്കിയിരുന്നു.4.55 കോടി ഓഹരികളാണ് എഫ്.പി.ഒ വിൽപ്പനയിൽ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തുടർ ഓഹരി വില്‍പ്പനയാണ് അദാനി എന്റർപ്രൈസസ് മുന്നോട്ടുവച്ചത്. അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്‍റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ തകർച്ച നേരിടുമ്പോഴും എഫ്.പി.ഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ സാധിച്ചത് അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാണ്.