ആലപ്പുഴ: ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണുള്ളത്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരൻ ഇക്കാര്യങ്ങൾ വിമർശിച്ചത്.
ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളതെന്നും അതിനൊന്നും പരിഹാരമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര്‍ കളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണെന്നും സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന പരിപാടിയിൽ ആദ്യാവസാനം വരെ മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. സമൂഹത്തിനു വേണ്ടിയുള്ള വികസനത്തിൽ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. എന്നാല്‍ ഇതിനായി പ്രവർത്തിച്ച ചിലരെ ഒഴിവാക്കി. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. പരിപാടിയിൽ മുൻ മന്ത്രി കെ.കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.