ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്‍റെ പേര് ഇനി അമൃത് ഉദ്യാൻ എന്നറിയപ്പെടും. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് പേരുമാറ്റമെന്ന് അധികൃതർ അറിയിച്ചു.
രാഷ്ട്രപതി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാധീനം പൂർണമായും ഒഴിവാക്കാനാണ് നടപടിയെന്നും വ്യക്തമാക്കി.
12 ഇനം തുലിപ് പൂക്കളും വിവിധതരം റോസാപ്പൂക്കളും കൊണ്ട് സമൃദ്ധമായ ഉദ്യാനം പൊതുജനങ്ങൾക്ക് വർഷത്തിലൊരിക്കൽ സന്ദർശിക്കാൻ അവസരം ലഭിക്കും. നാളെ മുതൽ പൊതുജനങ്ങൾക്കായി ഉദ്യാനം തുറന്നുകൊടുക്കുകയാണ്. രണ്ട് മാസമാണ് ജനങ്ങൾക്ക് പൂന്തോട്ടത്തിൽ പ്രവേശിക്കാനാകുക.
മുഗൾ സാമ്രാജ്യ കാലത്ത് വികസിപ്പിച്ചെടുത്ത ഈ ശ്രേഷ്ഠമായ പൂന്തോട്ടത്തിന് ചാർബാഗ് സ്ട്രക്ചർ എന്നറിയിപ്പെടുന്ന പേർഷ്യൻ ഉദ്യാനത്തിന്‍റെ പ്രതീതിയുണ്ട്. പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. രാഷ്ട്രപതി ഭവനെ അത്യാകര്‍ഷകമാക്കുന്നതില്‍ ഉദ്യാനത്തിന് ഗണ്യമായ പങ്കുണ്ട്.
ബ്രിട്ടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവ ഉൾപ്പെടുന്ന ന്യൂഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിർമാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്ന പേരുനൽകിയത്.
രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥ് കർത്തവ്യപഥ് ആയി പേര് മാറ്റിയിരുന്നു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ ചരിത്രപ്രധാനമായ പേരാണ് മാറ്റിയിരുന്നത്. ഡൽഹിയിലെ ഏറ്റവും ജനപ്രിയമായ പാതകളിലൊന്നാണ് രാജ്പഥ്. രാജ്യചരിത്രത്തിൽ തന്നെ നിർണായകമായ സംഭവങ്ങൾക്ക് സാക്ഷിയായ പാതയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്പഥ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എല്ലാ വർഷവും റിപബ്ലിക്ക്ദിന പരേഡ് ഇതുവഴിയാണ് കടന്നുപോകാറുള്ളത്.