വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വരുന്നു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാല്‍ വീണ്ടും ട്രംപിന് വിലക്കേര്‍പ്പെടുത്തുമെന്നും നിക് ക്ലെഗ് വ്യക്തമാക്കി. എന്നാല്‍, ഫെയ്‌സ്ബുക്കിലേക്ക് തിരികെ വരുമെന്ന് ട്രംപ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2021ലെ ക്യാപിറ്റല്‍ ലഹളയെത്തുടര്‍ന്നാണ് ട്രംപിനെ ഫെയ്‌സ്ബുക്ക് വിലക്കിയത്. വിലക്കിന് പിന്നാലെ ഫേസ്ബുക്കിനെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അതേസമയം, മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു. ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഉടമയായതിന് ശേഷമാണ് ട്രംപിന് ട്വിറ്റര്‍ വീണ്ടും അക്കൗണ്ട് തിരിച്ചുനല്‍കിയത്. എന്നാല്‍ ട്വിറ്ററിലേക്ക് മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.