ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ത്രിപുരയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ സിപിഎം – കോൺഗ്രസ് ധാരണ. പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാവും റാലി നടത്തുക. ഒരുമിച്ച് മത്സരിക്കുന്ന കോൺഗ്രസ് – സിപിഎം സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. സംസ്ഥാനത്തെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാനാണ് സിപിഎം ശ്രമം. ഇരുവരും കൈകോർത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുക എന്നാണ് ലക്ഷ്യമിടുന്നത്. തിപ്ര മോത പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനൊപ്പം നില്‍ക്കുമോയെന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇവരും കൂടി കൂടെ നിന്നാൽ ബിജെപി പുറത്താക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് തിപ്ര മോത പാര്‍ട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നല്‍കിയത് പ്രതിപക്ഷത്തിന് ആശ്വാസമാണ്.
ത്രിപുര ഫെബ്രുവരി 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ സംഘർഷം ഉണ്ടായത് വോട്ടിങിനെ ബാധിക്കുമോയെന്ന ആശങ്കയും പാര്‍ട്ടികള്‍ പങ്കുവെക്കുന്നുണ്ട്.