ന്യൂഡൽഹി: ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നാൽപ്പത്തേഴുകാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച പുലർച്ചെ 3.11 ഓടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് പുലർച്ചെ വനിതാ കമ്മീഷൻ അധ്യക്ഷ തെരുവിലിറങ്ങിയത്.
എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാൾ കാറിന്റെ ജനൽ തകർത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാൻ ശ്രമിച്ചു.
ശക്തമായി പ്രതിരോധിച്ച കമ്മീഷൻ അധ്യക്ഷയെ അക്രമി റോഡിലൂടെ വലിച്ചിഴച്ചു. കമ്മീഷൻ അധ്യക്ഷയുടെ സഹായികളും സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവർ എത്തിയാണ് സ്വാതിയെ രക്ഷിച്ചത്. സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്മീഷൻ അധ്യക്ഷയായ തന്റെ ഗതി ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ദൈവമാണ് തന്റെ ജീവൻ രക്ഷിച്ചതെന്നുമാണ് സംഭവത്തോട് സ്വാതി പ്രതികരിച്ചത്.