ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വധഭീഷണി സന്ദേശം വന്നത് കര്‍ണാടക ജയിലില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് രണ്ടു തവണ അജ്ഞാതന്റെ ഭീഷണിയെത്തിയത്.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും 100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്ത എന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച് ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി ജയിലിനുള്ളില്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
















