ന്യൂ ഡല്‍ഹി: വധശ്രമ കേസില്‍ 10 വര്‍ഷം തടവ്ശിക്ഷ ലഭിച്ച ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി. ലോക്സഭാ സെക്രട്ടറി ജനറലായ ഉത്പല്‍ കുമാര്‍ സിംഗ് ആണ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതല്‍ എംപിയെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു. ക്രിമിനല്‍ കേസില്‍ എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം, മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേരെയാണ് 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
32 പ്രതികളുള്ള കേസില്‍ ആദ്യത്തെ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി മുഹമ്മദ് ഫൈസല്‍. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിഎം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് പരിക്കേറ്റ മുഹമ്മദ് സാലിഹ്.
അതിനിടെ, വധശ്രമ കേസിലെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംപി മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി വച്ചിരിക്കുകയാണ്. കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അപ്പീലില്‍ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.