അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് ഇന്നലെ ചൈനീസ് പ്രതിനിധികളുമായുള്ള താലിബാൻ അധികൃതരുടെ യോഗം നടക്കുന്നതിനിടെ പ്രാദേശികസമയം നാലുമണിയോടെയായിരുന്നു സ്ഫോടനം.
തോളിൽ ബാഗുമായി വന്ന ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഒരു ഡ്രൈവർ പറഞ്ഞു. തന്റെ വാഹനത്തിന് സമീപത്ത് കൂടി ബാഗുമായി ഒരാൾ പോകുന്നത് കണ്ടു. അല്പസമയത്തിന് ശേഷം സ്ഫോടനശബ്ദം കേട്ടു. മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന കാഴ്ച ഭീകരമായിരുന്നു. പരിക്കേറ്റവർ വേദനയിൽ പുളഞ്ഞ് സഹായം തേടി നിലവിളിക്കുന്നതും കാണാമായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.