ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിന് സമാനചിന്താഗതിക്കാരായ 21 പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് കോൺഗ്രസ്. എന്നാൽ ആംആദ്മി പാർട്ടി, ജെഡി(എസ്), ബിജെഡി, ബിആർഎസ്, അകാലിദൾ എന്നീ പാർട്ടികളെ ക്ഷണപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ജനുവരി 30 ന് കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഈ പാർട്ടികളുടെ സാന്നിധ്യം യാത്രയുടെ സത്യം, അനുകമ്പ, അഹിംസ തുടങ്ങിയ സന്ദേശത്തെ ശക്തിപ്പെടുത്തുമെന്ന് കത്തിൽ പറയുന്നു. നേരത്തെ രാഹുൽ ഗാന്ധി നിരവധി പ്രമുഖർക്ക് വ്യക്തിപരമായി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ക്ഷണക്കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.
2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 3,570 കിലോമീറ്റര്‍ പിന്നിട്ടാകും ജനുവരി 30 ന് കശ്മീരിൽ സമാപിക്കുക. ഇപ്പോൾ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം നടത്തുന്നത്.