ന്യൂ ഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നടപടി. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന് ഷൊങ്കറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ഈ മാസം 11ന് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.
അതേസമയം, കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കി. കൂടാതെ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.