മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ ‘നൻപകൽ നേരത്ത് മയക്കം’ ഈ മാസം 19ന് തീയറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വെഫെയറർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.
ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു. രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിൻ്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി.ആർ.ഒ -പ്രതീഷ് ശേഖർ.