മുംബൈ: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ഇന്നിങ്‌സിന്റെ അവസാന പന്തില്‍ 160 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.
ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് മാവി നാല് വിക്കറ്റ് വീഴ്ത്തിയത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അവസാന ഓവറുകളില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ലങ്ക കീഴടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും പിന്നാലെ ചമിക കരുണരത്‌നെയും തകര്‍ത്തടിച്ചതോടെ ലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് മികവ് ഇന്ത്യയെ തുണച്ചു. 68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ.
അരങ്ങേറ്റ മത്സരത്തിൽ ശിവം മാവി 4 വിക്കറ്റുകൾ വീഴ്ത്തി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വീക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി. അവസാന ഓവറുകളിൽ ദീപക് ഹൂഡയും അക്സർ പട്ടേലും പൊരുതി നിന്നതോടെ റൺസ് ഉയരുകയായിരുന്നു. ഇഷൻ കിഷൻ 37 (29 പന്തിൽ), ഹർദിക് പാണ്ഡ്യ 29 (27 പന്തിൽ), ദീപക് ഹൂഡ 41 (23 പന്തിൽ നിന്ന്, നോട്ടൗട്ട് ), ശുഭ്മാൻ ഗിൽ 7 (5 പന്തിൽ നിന്ന്), സൂര്യകുമാർ യാദവ് 7 (10 പന്തിൽ നിന്ന്) അക്സർ പട്ടേൽ 31 ( 20 പന്തിൽ നിന്ന്, നോട്ടൗട്ട് ) എന്നിങ്ങനെയാണ് റൺസ് നേട്ടം.
ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസ് 28 റൺസ് (25 പന്തിൽ) നേടി. പതും നിസങ്ക 1 (3 പന്തിൽ), ധനഞ്ജയ ഡി സിൽവ 8 (6 പന്തിൽ), ചരിത അസലങ്ക 12 (15 പന്തിൽ), ഭാനുക രാജപക്സെ 10 (11 പന്തിൽ), വാനിന്ദു ഹസരങ്ക 21 (10 പന്തിൽ) ദസുൻ സനക 45 ( 27പന്തിൽ), മഹീഷ് തീക്ഷണ 1 (4 പന്തിൽ) ചമിക കരുണാരത്നെ 23 (16 പന്തിൽ) എന്നിങ്ങനെയാണ് ശ്രീലങ്കയുടെ റൺ നേട്ടം.