പത്തനംതിട്ട: ശബരിമല മാളികപ്പുറത്തിനടുത്ത് കതിന പൊട്ടി അപകടം. കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിയത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നിടത്ത് വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.
പൊട്ടിത്തെറിയുണ്ടായ സമയത്ത് ജീവനക്കാരൊഴികെ മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കതിന നിറയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഭക്തർക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.