ബീജിംഗ്: ചൈനയിലെ കോവിഡ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണും ക്വാറന്റൈൻ നിയമങ്ങളും ചൈനയിൽ അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടത്.
ഹോസ്പിറ്റലൈസേഷൻ, കോവിഡ് മരണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചൈനീസ് അധികൃതർ പുറത്തുവിടണമെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ആവശ്യം. അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ രോഗബാധിതനല്ലെന്ന് രേഖാമൂലം അധികൃതരെ ബോധ്യപ്പെടുത്തണം.
കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ലോകാരോഗ്യ സംഘടന ചൈനയെ അറിയിച്ചു. കോവിഡ് -19 പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. ഇതിലേക്ക് ചൈനീസ് അധികൃതരെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.