തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുള്ളതിനാല്‍ തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
















