ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി.). ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്ക് മുമ്പിൽ വെച്ച് മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 33 കാരിയായ അനസൂയ സാഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു സ്ത്രീ കത്തി ഉപയോഗിച്ച് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ പറയുന്നത്.
കയ്യില് കത്തിയുമായി മമത ബാനർജിയെ സമീപിച്ചാണ് സ്ത്രീ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഡോല സെൻ മൊഴി നൽകി. താൻ ഒരു സിവിക് വോളൻ്റിയറാണെന്നും മമത ബാനർജിയുടെ അനന്തരവളാണെന്നും ആ സ്ത്രീ അവകാശപ്പെട്ടതായും എംപി പറഞ്ഞു. വൈകുന്നേരം ആറുമണിയോടെ കാളിഘട്ടിലെ മിലാൻ സംഘ് ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മമത ബാനർജി പോകുമ്പോഴായിരുന്നു സംഭവം.
പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായും തൃണമൂൽ അംഗങ്ങളുടെ പരാതിയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചതായും കൊൽക്കത്ത പൊലീസ് വ്യക്തമാക്കി.















