കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. 2017 ഏപ്രില്‍ 2 ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021 ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരനായ രവീന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തത്. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ പൊടിതട്ടിയെടുത്തു വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് അന്വേഷണസംഘം അറസ്റ്റിലേക്കു കടന്നത്. ജയമാധവന്‍ സ്വത്തുക്കള്‍ രവീന്ദ്രന്‍ നായര്‍ക്കു നല്‍കിയതായി വില്‍പത്രം തയാറാക്കിയിരുന്നു. ഇതിനുശേഷം ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ വില്‍പത്രം റദ്ദാകുമെന്ന ആശങ്കയില്‍ ഇയാളെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണു നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണു കുടുംബത്തിനുണ്ടായിരുന്നത്. ജയമാധവന്‍ നായര്‍ മരിച്ച അന്നുതന്നെ അസ്വാഭാവിക മരണത്തിനു കരമന പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. എന്നാല്‍, ഇദ്ദേഹത്തിന്റെ 100 കോടിയോളം വില മതിക്കുന്ന സ്വത്തുക്കള്‍ മരണശേഷം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും അകന്ന ചില ബന്ധുക്കളും ചേര്‍ന്നു പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നു പൊതുപ്രവര്‍ത്തകനായ അനില്‍കുമാറും വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. കാര്യസ്ഥനടക്കമുള്ളവര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായി അന്വേഷിച്ചത്. ജയമാധവന്റെ സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രില്‍ 2 നാണ് അവിവാഹിതനായ ജയമാധവന്‍ നായര്‍ മരിച്ചത്. കാടുപിടിച്ച വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തില്‍ കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ജയമാധവന്‍ നായര്‍ ഏകനായി കഴിയുകയായിരുന്നു. കട്ടിളപ്പടിയില്‍ തട്ടി വീണു പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും തുടര്‍ന്നു മരണം സംഭവിച്ചെന്നുമാണു കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ മൊഴി നല്‍കിയത്. എന്നാല്‍, മൊഴികളില്‍ പലതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയില്‍ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവര്‍ സുമേഷ്, കള്ളമൊഴി നല്‍കാന്‍ രവീന്ദ്രന്‍ നായര്‍ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പൊലീസിനോടു സമ്മതിച്ചു. രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിന്‍വശത്തുനിന്നു കിട്ടിയതു നിര്‍ണായക തെളിവായി. ജയമാധവന്‍ നായരുടെ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. കട്ടിലില്‍നിന്നു തറയില്‍ വീണപ്പോഴല്ല തലയില്‍ പരുക്കേറ്റതെന്നു പരിശോധനയില്‍ വ്യക്മതായിരുന്നു. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്.
2017 ഏപ്രില്‍ രണ്ടാം തീയതി കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്ന് വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍നായരും കരമന സ്റ്റേഷനിലെത്തി. മൊഴി നല്‍കാന്‍ താന്‍ ഇറങ്ങിയെന്നും ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. എന്നാല്‍, കരമന സ്റ്റേഷനില്‍ പോയില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യമാണ് അന്വേഷണസംഘം വിശദമായി പരിശോധിച്ചത്.
ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവര്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയില്‍ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര്‍ തന്റെ വണ്ടി രാത്രി പാര്‍ക്കു ചെയ്തിരുന്നത് കൂടത്തില്‍ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നല്‍കിയിരുന്നു.
ജയമാധവന്‍ നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും രവീന്ദ്രന്‍ നായര്‍ സ്വന്തമാക്കിയെന്ന കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. വില്‍പത്ര പ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് കേസിലെ ഒന്നാം പ്രതിയും കാര്യസ്ഥനുമായ രവീന്ദ്രന്‍ നായര്‍ക്കാണ്. ഈ വില്‍പത്രം വ്യാജമായി തയാറാക്കിയെന്ന് പ്രസന്നകുമാരി പരാതി നല്‍കിയിരുന്നു. 2016 ഫെബ്രുവരി 15 നാണ് വില്‍പത്രം തയാറാക്കിയയത്.















