ന്യൂ ഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പല നഗരങ്ങളിലും ഇത് പത്തിരട്ടിയോളമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂക്കിലൂടെ നല്കുന്ന വാക്സീന് കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. കൂടാതെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.
അതേസമയം, ആഗോളതലത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന തുടങ്ങി. ചൈന, ജപ്പാന്, തായ്ലാന്ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. അതിനിടെ, എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രില്‍ നടത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേര്‍ക്കും എന്നാണ് വിവരം.