ഡല്ഹി ഹൈക്കോടതിക്ക് മുന്നിലെ റോഡില് കൃത്യമായ ഫൂട്ട് പാത്തുകളും സീബ്രാ ക്രോസിങ്ങും ഇല്ലാത്തതില് അധികൃതര്ക്ക് വിചിത്ര മുന്നറിയിപ്പുമായി സുപ്രീം കോടതി. അടുത്ത വാദം കേള്ക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില് ജഡ്ജിമാര് കോടതിയുടെ പ്രധാന കവാടത്തിന് മുന്നില് ധര്ണ ഇരിക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ജനങ്ങള്ക്ക് റോഡില് കൃത്യമായ അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാത്തതില് ജസ്റ്റിസുമാരായ ജെ ബി പര്ദിവാലയും കെ വി വിനോദ് ചന്ദ്രനും വലിയ ആശങ്ക അറിയിച്ചു.
ഇതിനായി കമ്മിറ്റികള് മാത്രം രൂപീകരിച്ചിട്ട് കാര്യമില്ലെന്നും കൃത്യമായ നടപടിയാണ് വേണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല് സോളിസിറ്റര് ജെനറല് വിക്രംജിത്ത് ബാനര്ജിയോടായിരുന്നു ജസ്റ്റിസുമാരുടെ മുന്നറിയിപ്പ്. അടുത്ത വാദത്തിന് മുമ്പ് പണികള് പൂര്ത്തിയാക്കിയില്ലെങ്കില് നിർമ്മാണം പൂര്ത്തിയായതിന് ശേഷം മാത്രമേ തങ്ങള് കോടതിയുടെ മുന്നില് നിന്ന് പോകൂ എന്ന് ജസ്റ്റിസുമാര് പറഞ്ഞു. ഇനി വൈകുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അധികൃതര് ഫലപ്രദമായ നടപടികള് സ്വീകരിച്ചില്ലെങ്കില് ഡല്ഹി ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകാന് വിളിച്ചുവരുത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി.
സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള കാല്നടയാത്രക്കാരുടെ അവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. റോഡുകളില് കയ്യേറ്റങ്ങളില്ലാത്തതും, വ്യക്തമായി അടയാളപ്പെടുത്തിയതുമായ സുരക്ഷിതമായ നടപ്പാതകള് ഉണ്ടെന്ന് ഉറപ്പാക്കാന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിര്ദ്ദേശിച്ചു. കാല്നടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച സമീപകാല നിര്ദ്ദേശങ്ങളില്, വാഹനങ്ങളുടെ സഞ്ചാരത്തേക്കാള് കാല്നടയാത്രക്കാരുടെ അവകാശങ്ങള്ക്കാണ് മുന്ഗണന നല്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.















