ഹിഗ്വിറ്റ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ഫിലിം ചേംബറിന്റെ സമ്മതപത്രം ഇല്ലാതെയാണ് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ഫിലിം ചേമ്പർ കത്ത് ഇല്ലാതെ ആണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. പേരിന്‍റെ കാര്യത്തിൽ എൻ എസ് മാധവനുമായി ധാരണയില്ലെത്താതെ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നൽകില്ലെന്നാണ് ഫിലിം ചേന്പർ നിലപാട്. ജനുവരി ആദ്യ വാരം സിനിമയുടെ റിലീസിനു ശ്രമിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
എന്‍.എസ്. മാധവന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് സിനിമ വിവാദത്തില്‍ അകപ്പെട്ടത്. എന്‍.എസ്. മാധവന് അനുകൂലമായ നിലപാടായിരുന്നു ഫിലിം ചേംബറും സ്വീകരിച്ചത്. എന്നാല്‍ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ആണ് ഈ സിനിമയുടെ ആധാരമെന്നും എന്‍.എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.
കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും സംവിധായകൻ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ വൈകാരികമായ ട്വീറ്റുമായി രംഗത്തെത്തിയത്.തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും.മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.