ന്യൂഡല്‍ഹി: കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച് പിന്നീട് തുടര്‍ന്നുവന്നിരുന്ന സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ പദ്ധതി വഴി കൊവിഡ് ലോക്ഡൗൺ മുതൽ അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകിയിരുന്നു. പദ്ധതി ഈ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷയുടെ കീഴിൽ വരുന്നവർക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള തീരുമാനം. നേരത്തെ സബ്സിഡി നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചതെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
80 കോടിയില്‍പ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020-ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന പേരില്‍ നടപ്പിലാക്കി വന്നിരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.