ബെയ്‍ജിംഗ്: ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ചൈനയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. രോഗത്തിന്‍റെ വ്യാപനം,രോഗികളുടെ എണ്ണം,അടിയന്തര ചികിത്സാ ആവശ്യങ്ങൾ എന്നിവയുടെ വിശദ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.
രോഗികൾ വർദ്ധിച്ചതോടെ രാജ്യത്തെ പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായി. ആശുപത്രികളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. പല ആശുപത്രികളിലും പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ ആവാത്ത അവസ്ഥയാണ്. തീവ്രപരിചരണം വേണ്ടവർക്ക് പോലും ആശുപത്രി സൗകര്യം ലഭിക്കുന്നില്ല. കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ആശങ്ക രേഖപ്പെടുത്തി.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പല പ്രവിശ്യകളിലും കൊവിഡ് വാക്സീൻ കിട്ടാതെയായി. ഇതോടെ ജർമ്മനിയിൽ നിന്ന് ചൈന വാക്സീൻ വാങ്ങിത്തുടങ്ങി.
എന്നാൽ കൃത്യമായ മരണ വിവരങ്ങൾ പുറത്തുവിടാൻ ചൈന സർക്കാർ തയ്യാറായിട്ടില്ല. വരുന്ന ആഴ്ചകളിൽ ചൈനയിൽ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
















