ന്യൂഡൽഹി: ഒമിക്രോൺ വൈറസിന്റെ പുതിയ വകഭേദം അശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ ആശുപത്രികൾ സജ്ജമാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി.
കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ നിസംഗത വെടിയണമെന്നും മോദി പറഞ്ഞു. കൂടുതൽ വെന്റിലേറ്റർ, ഓക്സിജൻ പ്ലാന്റുകൾ സജ്ജമാക്കണമെന്നും വിമാനത്താവളങ്ങിലടക്കം കോവിഡ് പരിശോധന ശക്തമാക്കണമെന്നും അദേഹം അറിയിച്ചു.
കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.
ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്.