ന്യൂ ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതയോടെ കേന്ദ്രം. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും.
അതേസമയം ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് യോഗം വിളിച്ചു. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കുക. വാക്സിന് ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രതയിലാണ് . ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.