കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭ്രാജിനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ട് നേപ്പാൾ സുപ്രീം കോടതി. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ അലട്ടുന്നുവെന്ന കാര്യം പരിഗണിച്ചാണ് 21 വർഷത്തെ തടവിന് വിധിക്കപ്പെട്ട ശോഭ്രാജിനെ കോടതി മോചിപ്പിക്കുന്നത്. മോചനം ലഭിച്ച് 15 ദിവസത്തിനുള്ളിൽ ശോഭ്‌രാജ് രാജ്യം വിടണമെന്ന് കോടതി അറിയിച്ചു.
2003 മുതൽ നേപ്പാൾ ജയിലിലാണ് 78കാരനായ ശോഭ്‌രാജ്. ഇന്ത്യയിൽ 21 വർഷം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇന്ത്യൻ വിയറ്റ്‌നാമീസ് രക്ഷിതാക്കളുടെ മകനാണ് ഫ്രഞ്ചുകാരനായ ശോഭ്‌രാജ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്ന ഇയാൾ 1975ൽ യാത്രക്കാരായ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും (29) കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും (26) കൊലപ്പെടുത്തി. അതേവർഷം കഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും അതിക്രൂരമായി കൊന്നൊടുക്കി. 2003 സെപ്റ്റംബർ ഒന്നിനാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
ദമ്പതികളുടെ കൊലപാതകത്തില്‍ 21 വർഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷം, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കഠ്മണ്ഡു സെൻട്രൽ ജയിലിലാണ് ശോഭ്‌രാജുള്ളത്.