ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് എലോണ്‍ മസ്‌ക്. ജോലി ഏറ്റെടുക്കാന്‍ മാത്രം മണ്ടനായ ഒരാളെ കണ്ടെത്തിയാലുടന്‍ താന്‍ ഈ സ്ഥാനം രാജിവെക്കും. അതിനുശേഷം, സോഫ്റ്റ് വെയര്‍, സെര്‍വറുകളുടെ മാത്രം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം താന്‍ ട്വിറ്റര്‍ മേധാവിയായി തുടരണോ വേണ്ടയോ എന്ന് ട്വിറ്ററില്‍ മസ്‌ക് വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ 57.5 ശതമാനം പേരും അദ്ദേഹം മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് പകരക്കാരനെ കണ്ടെത്തിയാല്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.
ഒരു കോടി 75 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 42.5% ഉപഭോക്താക്കളാണ് മസ്‌ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. വോട്ടെടുപ്പ് തുടങ്ങി 20 മിനിറ്റ് ആയപ്പോഴേക്കും ഫലം മസ്‌കിനെതിരാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു സിഇഒയെ കണ്ടെത്തലല്ല, ട്വിറ്റര്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സിഇഒയെ കണ്ടെത്തുക എന്നതാണ് ചോദ്യമെന്ന് വ്യക്തമാക്കി മസ്‌ക് രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ ട്വിറ്റര്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്ന ജോലി ആരും ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് പിന്‍ഗാമിയുണ്ടായികില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.