വാഷിംങ്ടണ്‍: കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താമെന്ന് അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവര്‍ത്തനത്തെ തടസപ്പെടുത്താന്‍ ട്രംപ് പദ്ധതിയിട്ടതിന് കമ്മിറ്റിയ്ക്ക് സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.’ പാനലിന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നതിനിടയില്‍ പ്രതിനിധി ജാമി റാസ്‌കിന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ജനുവരി ആറിനാണ് കാപിറ്റോള്‍ ഹില്ലില്‍ കലാപമുണ്ടായത്. ആക്രമണത്തിന് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് ,ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ട്രംപിനെ വിലക്കിയിരുന്നു.