ന്യൂഡല്‍ഹി: പൊലീസുകാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. പൊലീസുകാര്‍ സദാചാര പൊലീസ് ചമയണ്ടെന്നും സാഹചര്യങ്ങള്‍ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പൊലീസ് സേനകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.ഗുജറാത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട നടപടി ശരിവെച്ചു കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ ഡ്യൂട്ടിക്കിടെ ബൈക്കില്‍ വന്ന യുവാവിനെയും ഭാര്യയെയും തടഞ്ഞു നിര്‍ത്തി. ഇവരോട് അപമര്യാദയായി പെരുമാറുകയും പരാതിക്കാരന്റെ വാച്ച് ഊരി വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍ പാണ്ഡെയെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ 2014 ഡിസംബര്‍ 16 ന് ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി സന്തോഷ് കുമാര്‍ പാണ്ഡെയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.