ദോഹ: ലോകകപ്പ് ഫൈനലിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പുതിയ റെക്കോഡ് സൃഷ്ടിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. 26 മത്സരങ്ങളാണ് മെസ്സി കളിച്ചത്. 25 മത്സരങ്ങൾ കളിച്ച മുൻ ജര്‍മന്‍ ക്യാപ്റ്റൻ ലോഥര്‍ മത്തേവൂസിന്റെ റെക്കോഡാണ് മെസ്സി മറികടന്നത്.
നേരത്തേ ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനലിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന മത്തേവൂസിന്റെ റെക്കോഡിനൊപ്പം മെസ്സിയെത്തിയത്.1990ൽ ജർമനിക്കുവേണ്ടി ലോകകപ്പ് നേടിയിട്ടുള്ള നായകനാണ് മത്തേവൂസ്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാള്‍ഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്.
ക്യാപ്റ്റനായി മെസി 20 മത്സരങ്ങളാണ് കളിച്ചത്. ലോകകപ്പിലെ എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ നേടിയ ഏകതാരമായും മെസി മാറി. ഖത്തർ ലോകകപ്പിലെ റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലൊക്കെ മെസി ഗോൾ നേടിയിരിക്കുകയാണ്.