ഡബ്ലിന്‍: ഇന്ത്യൻ വംശജനായ ലിയോ വരദ്കർ വീണ്ടും അയർലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണമുന്നണിയിലെ സഖ്യകക്ഷികൾ തമ്മിലുള്ള ധാരണ അനുസരിച്ചാണ് മന്ത്രിസഭാ പുനഃസംഘടനയിൽ ഉപപ്രധാനമന്ത്രിയായിരുന്ന വരദ്കർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ പ്രധാനമന്ത്രിയും ഫിയാനഫോൾ നേതാവുമായ മൈക്കിൾ മാർട്ടിൻ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കി ഒഴിയുന്ന സാഹചര്യത്തിലാണ് ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
2017 മുതൽ 2020 വരെ അയർലൻഡ് പ്രധാനമന്ത്രിയായിരുന്ന ലിയോയ്ക്ക് ഇത് രണ്ടാം ഊഴമാണ്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കൂട്ടുകക്ഷി ഭരണതത്തിലേക്ക് നീങ്ങുകയായിരുന്നു. ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻപാർട്ടി എന്നീ മൂന്ന് കക്ഷികൾ ചേർന്നതാണ് ഭരണമുന്നണി.
നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്ട്ടിൻ രാജിവച്ചു. 2025 തെരഞ്ഞെടുപ്പ് വരെ മാർട്ടിൻ ഉപപ്രധാനമന്ത്രിയാകും, കൂടാതെ വിദേശകാര്യ മന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുമെന്നാണ് വിവരം. രാജ്യത്തെ പ്രബലമായ മധ്യ-വലതു കക്ഷികളാണ് മാർട്ടിന്റെ ഫിയാന ഫെയിലിനെയും വരദ്കറുടെ ഫൈൻ ഗെയിലും. ഇവരെ കൂടാതെ ഗ്രീൻ പാർട്ടിയും ഭരണസഖ്യത്തിലുണ്ട്.
കൂട്ടുകക്ഷി സർക്കാരിന്റെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ രണ്ടരവർഷ കാലാവധി പൂർത്തിയാക്കിയതിനാലാണ് വരദ്കര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. വരദ്കറുടെ പിതാവ് അശോക് വരദ്കർ മഹാരാഷ്ട്ര സ്വദേശിയാണ്. അമ്മ മിറിയം ഐറിഷ് വംശജയാണ്. വരദ്കർ ജനിച്ചതും വളർന്നതും അയർലൻഡിലാണ്.
അയർലൻഡിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ വരദ്കർ രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്.
ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന് 2003ലാണ് ലിയോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2013വരെ വരദ്കർ ഡോക്ടറായി ജോലിചെയ്തിരുന്നു. വരദ്കറിൻറെ പിതാവ് ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്.