ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താൻ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മുസ്ലീം ബോർഡ്. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതു മുതലാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
“ഷാരൂഖ് ഖാനെ നായകനാക്കി ‘പത്താൻ’ എന്ന പേരിൽ ഒരു സിനിമ റിലീസിനായി ഒരുങ്ങുകയാണ്. എന്നാൽ സിനിമയിലെ അശ്ലീലതയെക്കുറിച്ച് നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ തെറ്റായ സമീപനത്തിലൂടെയാണ് ഇസ്ലാം മതം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ റിലീസ് സർക്കാർ തടയണമെന്നും പൊതു ജനം ഈ ചിത്രം കാണരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു”- ബോർഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി പറഞ്ഞു.
അഖിലേന്ത്യാ മുസ്ലീം ഫെസ്റ്റിവൽ കമ്മിറ്റി ചിത്രവുമായി ബന്ധപ്പെട്ട് നിലപാട് എടുത്തിട്ടുണ്ടെന്നും ചിത്രം ബഹിഷ്‌കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം മതം എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നത് തങ്ങളുടെ അവകാശമാണ്. ചിത്രം തെറ്റായ സന്ദേശം നൽകുമെന്നും സമാധാനം തകർക്കുകയും രാജ്യത്തെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുമെന്ന് അലി ആരോപിച്ചു.