ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും ചുമലില്‍ പിടിച്ച് തള്ളിയെന്നും ജിഷ പൊലീസിന് മൊഴി നല്‍കിയിരുന്നു. നിന്നെ പോലുള്ള ജാതികളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ മറ്റുള്ളവര്‍ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു.
അതേസമയം, ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസും ആക്ഷേപിച്ചു. പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിച്ചിരുന്നു. ആര്‍ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്.
















