തിരുവനന്തപുരം: സംഘപരിവാര്‍ വിരുദ്ധ അജണ്ട ആര് സ്വീകരിച്ചാലും സിപിഎം അതിനെ പിന്തുണയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണെന്നും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികള്‍ എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജണ്ടകള്‍ക്കെതിരെ എല്‍.ഡി.എഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആര്‍ജിച്ചുവെന്ന് ലേഖനത്തില്‍ കുറിക്കുന്നു.
















