കീവ്: റഷ്യൻ സേനയുമായുള്ള തടവുകാരുടെ കൈമാറ്റത്തിൽ 64 യുക്രൈൻ സൈനികരെ മോചിപ്പിച്ചതായി യുക്രൈൻ അധികൃതർ. ഒരു യുഎസ് പൗരന്റെയും മോചനം ഉറപ്പാക്കിയതായി യുക്രൈൻ അറിയിച്ചു.
“ഡൊനെറ്റ്സ്കിലും ലുഗാൻസ്കിലും യുദ്ധം ചെയ്ത യുക്രൈൻ സായുധ സേനയിലെ അറുപത്തിനാല് സൈനികർ നാട്ടിലേക്ക് മടങ്ങുന്നു. ബഖ്മുട്ട് നഗരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുത്തവരിൽ പ്രധാനികളാണ് ഇവർ. നമ്മുടെ ആളുകളെ സഹായിച്ച സ്യൂടി മുറെകെസി എന്ന യുഎസ് പൗരനെ മോചിപ്പിക്കാനും സാധിച്ചു”; യുക്രൈൻ പ്രസിഡൻസി ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ജൂണിൽ യുക്രൈനിലെ കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിൽ നിന്നാണ് മുറെകെസിയെ അറസ്റ്റ് ചെയ്തത്. റഷ്യൻ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വംശീയ വിദ്വേഷക്കുറ്റം ചുമത്തിയാണ് ഇയാളെ റഷ്യൻ സേന അറസ്റ്റ് ചെയ്തത്. യുക്രൈനിലെ കെർസൺ നഗരത്തിലെ ഒരു നിശാക്ലബിൽ ജോലി ചെയ്തുവരികയായിരുന്നു മുറെകെസി.
അതേസമയം, യുക്രൈനിൽ ആക്രമണം തുടരുകയാണ് റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇന്ന് റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. റഷ്യ വിക്ഷേപിച്ച ഡ്രോണുകൾ തകർത്തതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇറാൻ നിർമിത ഡ്രോണുകളാണ് വെടിവച്ചിട്ടതെന്ന് സൈന്യം പറയുന്നു.