കൊച്ചി: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഇ ഡി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബേങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
നേരത്തെ 8.81 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണക്കേസില്‍ അന്വേഷണം തുടങ്ങിയത്. ഇടപ്പള്ളി, ഇടക്കൊച്ചി, വാഴക്കാല, എളംകുളം, ആലുവ, പീരുമേട് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും ഫ്ലാറ്റുകളും സഹിതം 13 സ്ഥാവര സ്വത്തുകളാണ് അന്ന് കണ്ടുകെട്ടിയത്.
അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരില്‍ സൂരജ് വാഹനങ്ങളും വസ്തുക്കളും ഭൂമിയും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇ ഡി ഇതുവരെ ടി ഒ സൂരജിന്റെ 10.43 കോടി രൂപയുടെ സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്.
2004 ജനുവരി 1നും 2014 ഒക്ടോബർ 31 നും ഇടയിൽ സൂരജ് വരുമാനത്തിന്റെ 314 ശതമാനം അധികം സമ്പാദിച്ചതായിട്ടുളള വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ടി ഒ സൂരജിന്റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെയാണ് മാറാട് പൊലീസ് കേസെടുത്തിരുന്നത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരൻ.