ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മദ്ധ്യപ്രദേശ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രാജ് പടേരിയയാണ് അറസ്റ്റിലായത്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു മുന്‍ മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കും, മോദി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കും, ദളിതുകളുടെയും വനവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവന്‍ അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറാകൂ’ എന്നാണ് രാജ് പടേരിയ പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നായിരുന്നു പടേരിയയുടെ വാദം. എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കാന്‍ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പന്നയിലെ പവായ് പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് പടേരിയയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദാമോ ജില്ലയിലെ ഹത പട്ടണത്തിലുളള കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ നിന്നാണ് പടേരിയയെ അറസ്റ്റ് ചെയ്തത്.