ന്യൂ ഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആര്‍ടിസി. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിയ്ക്കായി ഹര്‍ജി നല്‍കിയത്. കോടതി ഉത്തരവ് വന്‍ വരുമാന നഷ്ടമാണ് വരുത്തിവെച്ചതെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാലക്കാട് ജില്ലയില്‍ കുട്ടികള്‍ വിനോദ സഞ്ചാരത്തിനായി പോയിരുന്ന സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒമ്പത് പേരായിരുന്നു മരിച്ചത്. ഇതിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവായത്.
















