തിരുവനന്തപുരം: മന്ത്രി വി.എന്‍ വാസവന്റെ ശാരീരികാധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന് ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
“ഇന്ത്യാ രാജ്യത്ത് എല്ലാവര്ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്”, ഒരു സ്വകാര്യ വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി എന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ പരാമർശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും തുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു.