കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ ആക്രമിച്ച മൂന്നുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. താമസക്കാരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഹോട്ടലിലുണ്ടായിരുന്ന അതിഥികളെയെല്ലാം രക്ഷപ്പെടുത്തിയെന്ന് താലിബാന്‍ വ്യക്തമാക്കി.
ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂൾ ലോങ്ഗൻ. സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ചൈനീസ് അംബാസഡർ അഫ്ഗാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ പിറ്റേദിവസമാണ് ആക്രമണം.
വിദേശികളാരും കൊല്ലപ്പെട്ടിട്ടില്ല. ഹോട്ടലിന്‍റെ ജനൽവഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതല്ലാതെ സംഭവത്തിൽ വിദേശികള്‍ ആര്‍ക്കും പരിക്കില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു.
ചൈനീസ് വ്യവസായികള്‍ തങ്ങാറുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. തുടര്‍ച്ചയായ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടുപിന്നാലെ താലിബാന്‍ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റുവെന്നും മഇറ്റാലിയന്‍ സംഘടനയായ എമര്‍ജന്‍സി എന്‍ജിഒയെ ഉദ്ദരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .മൂന്ന് അക്രമികളാണ് കൊല്ലപ്പെട്ടതെന്ന് കാബൂള്‍ പോലീസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റു ചെയ്തു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുക്കളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ് എന്ന സംഘടന നിരന്തരമായി അഫ്ഗാനിൽ ആക്രമണം നടത്തുന്നുണ്ട്. താലിബാൻ കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ശക്തമായ ആക്രമണങ്ങളാണ് ഇവർ നടത്തിവരുന്നത്.
ആക്രമണവിവരം പുറത്തുവന്നതിനു പിന്നാലെ സ്ഥലത്തെത്തിയ താലിബാൻ സേന പ്രദേശത്തേക്കുള്ള റോഡുകൾ തടഞ്ഞു. അതേസമയം, ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന വിവരങ്ങളും പ്രദേശവാസികളെ ഉദ്ധരിച്ച് വരുന്നുണ്ട്.