തിരുവനന്തപുരം : പൊലീസ് സേനയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസ് സേനയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ആശ്ചര്യപ്പെടുന്നതുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കേസ് അന്വേഷണങ്ങളില്‍ കാര്യക്ഷമതയോടെയാണ് പൊലീസ് ഇടപെടുന്നത്. പാറശാല ഷാരോണ്‍ കൊലക്കേസും പത്തനംതിട്ട നരബലി കേസുമെല്ലാം സമീപകാലത്ത് പൊലീസ് നേട്ടങ്ങളുണ്ടാക്കിയതാണ്. സൈബര്‍, സാമ്പത്തിക കേസുകളില്‍ അടക്കം പൊലീസ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തുവെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. വിഴിഞ്ഞത്തടക്കം പൊലീസിന്റെ സംയമനം മാതൃകാപരമായിരുന്നു. സമൂഹത്തോടൊപ്പം നില്‍ക്കുന്ന പൊലീസിനെ താറടിച്ച് കാണിക്കരുത്. അത് സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.