അഹമ്മദാബാദ്: ചരിത്ര വിജയം നേടി ഗുജറാത്തില്‍ അധികാര തുടര്‍ച്ച നേടിയ ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഹരിയാന മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങിനെത്തും.
അതേസമയം, 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാര തുടര്‍ച്ച നേടിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി ജെ പി ഇക്കുറി സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറുന്നു എന്ന പ്രത്യേകതയും എടുത്തു പറയേണ്ടതാണ്.