ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി ബിഎസ്എന്‍എല്ലും. ഏഴുമാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ടെലികോം-റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തൊട്ടാകെയായുള്ള ബിഎസ്എന്‍എല്ലിന്റെ 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും ടെലികോം വികസന ഫണ്ട് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ല് നവംബര്‍ മുതല്‍ 4ജി നെറ്റ്വര്‍ക്ക് പുറത്തിറക്കി തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ 5ജി ലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.18 മാസത്തിനുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് സംബന്ധിച്ച ചര്‍ച്ച ടിസിഎസുമായും സര്‍ക്കാര്‍ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കണ്‍സോര്‍ഷ്യവുമായും നടത്തിവരികയാണെന്ന് നേരത്തെ സര്‍ക്കാര് അറിയിച്ചിരുന്നു.