ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാൻ ധാരണ. തീരുമാനം ഹൈക്കമാൻഡിന് വിടാൻ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. രാത്രി എട്ടു മണിയോടെ ഷിംലയിൽ ചേർന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭാസിംഗ് അവകാശമുന്നയിച്ചതോടെ ഇന്ന് നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന് ചേർന്നത്.
എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തിൽ പാസാക്കി. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്.
പിന്നാലെയാണ് ഇന്ന് പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് പ്രതിഭ സമ്മർദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിൻറെ ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു.
പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിനും താത്പര്യം. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി രംഗത്തെത്തി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പിസിസി ആസ്ഥാനത്ത് പ്രതിഭാ സിംഗ് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചും നിലപാടറിയിച്ചു.