ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികിത്സ വൈകുകയോ വിദഗ്ധ ചികില്‍സയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു.
എന്നാൽ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യവിവരം അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഡോ. തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറി.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച അപർണയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് സീനിയർ ഡോക്ടർ തങ്കു തോമസ് കോശിക്ക് നിർബന്ധിത അവധി നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി കൈനകരി സ്വദേശി അപർണയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.
















