ഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്‌ടിആർപി) അധ്യക്ഷയുമായ വൈ.എസ് ശർമിള വീണ്ടും കസ്റ്റഡിയിൽ. പൊലീസ് നിർദ്ദേശം ലംഘിച്ച് സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. ടിആർഎസ് ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശർമിള നിരാഹാരം പ്രഖ്യാപിച്ചിരുന്നു.
തെലങ്കാനയിൽ കെസിആർ സർക്കാറിനെതിരെ വൈഎസ്‌ആർടിപി നേരത്തെ തന്നെ വൻ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ശർമിളയുടെ നേതൃത്വത്തിൽ പദയാത്ര ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു. പലയിടത്തും വൈഎസ്‌ആർടിപിയും കെസിആർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.
സംഭവത്തെത്തുടർന്ന് ക്രമസമാധാന നില കണക്കിലെടുത്ത് സംസ്ഥാന പൊലീസ് പദയാത്രയ്ക്കുള്ള അനുമതി താൽക്കാലികമായി റദ്ദാക്കി. പാർട്ടി വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച ഷർമിളയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നവംബർ 29 ന്, ഹൈദരാബാദിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഔദ്യോഗിക വസതിയിലേക്ക് ആക്രമണത്തിൽ തകർന്ന കാറുമായി എത്തി ശർമിള പ്രതിഷേധിച്ചു. അന്ന് ശർമിളയുടെ വാഹനം ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശര്‍മിള കാറിനുള്ളിലിരിക്കവേ, അവരുടെ കാര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.
ഈ നാടകീയ സംഭവത്തിന് ശേഷമാണ് ശർമിളയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ശർമിള നേരത്തെ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. ഇത് വകവെക്കാതെ പ്രതിഷേധിക്കാൻ തുടങ്ങിയപ്പോഴാണ് ശർമിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
















