ഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ സാധ്യതയെ കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ല. വിശദാംശങ്ങൾ കെ- റെയിൽ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എളമരം കരീമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല, ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഇല്ല തുടങ്ങിയ കാര്യങ്ങളും മന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ വ്യക്തമായ ശേഷം മാത്രമേ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയയിച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കുന്നത് സർക്കാരിന് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും വ്യക്തമാക്കിയിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.