ന്യൂഡൽഹി: വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. നേരത്തെ ലോക്സഭയിൽ പാസായി ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം ബുധനാഴ്ചയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയിൽ അവതരിപ്പിച്ചത്.
വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരത്തിന് കടുത്ത ശിക്ഷ നൽകുന്ന വകുപ്പുകളാണ് ഭേദഗതിയിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ബില്ല് ലോക്സഭ പാസാക്കിയത്. യുപിഎ സർക്കാർ ഉറപ്പു നൽകിയിട്ടും നടപ്പാക്കാതിരുന്ന നിയമ ഭേദഗതിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞു. പ്രാദേശിക ഗോത്രവർഗങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിയമത്തിൽ നാട്ടാനകളുടെ കാര്യത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആശങ്കകൾ ഉയർത്തി. മതപരമായ ആവശ്യങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കും ഉടമസ്ഥത സർട്ടിഫിക്കറ്റ് ഉള്ള ആനകളെ കൈമാറ്റം ചെയ്യാമെന്നാണ് പറയുന്നത്. എന്നാൽ, മതപരമായ കാര്യങ്ങൾക്ക് അല്ലാത്ത മറ്റ് കാര്യങ്ങൾ എന്താണെന്ന് വിശദീകരിക്കുന്നില്ലെന്ന് കോണ്ഗ്രസ് എംപി വിവേക് തൻക ചൂണ്ടിക്കാട്ടി. ഇത് ഭാവിയിൽ വലിയ കുഴപ്പങ്ങൾക്ക് വഴി തെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.